നാലുലക്ഷത്തിലൊരുവന്‍. കേരളസിവില്‍ സര്‍വീസ് എന്ന് വിളിക്കാവുന്ന പി.എസ്.സിയുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ ഓഡിറ്റര്‍ പരീക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ വെക്കുന്ന വെല്ലുവിളി അതാണ്. 4, 38, 365 പേരാണ് അപേക്ഷകര്‍. ഇവരിലൊരാളാകാന്‍ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പ്. എന്നാല്‍ നന്നായി പരിശ്രമിച്ചാല്‍ മുന്നിലെത്താവുന്നതേയുള്ളൂ. അങ്ങനെ വിജയം വരിച്ചവര്‍ നമുക്കിടയിലുണ്ട്. എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി ഉയരങ്ങള്‍ കീഴടക്കിയവര്‍.
2013 ജനവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.15 വരെയാണ് അസിസ്റ്റന്റ് പരീക്ഷ. ഒറ്റപ്പരീക്ഷ മാത്രമേയുള്ളൂ, മെയിനും ഇന്റര്‍വ്യൂവുമൊന്നുമില്ല. പുതുമോടിയില്‍ പുതുവിഷയങ്ങളുമായാണ് ഇക്കുറി പരീക്ഷ. അതിനനുസരിച്ച് ഉദ്യോഗാര്‍ഥികളും തയ്യാറെടുക്കേണ്ടതുണ്ട്. പതിവ് സിലബസിനു പുറമെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- സൈബര്‍ നിയമം, മലയാള ഭാഷ, ഇന്ത്യന്‍ ഭരണഘടന തുടങ്ങിയവയിലേക്കും പഠനം വ്യാപിപ്പിക്കേണ്ടതുണ്ട്. പത്തു വിഷയങ്ങള്‍ അടങ്ങുന്ന വിശദമായ സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറേക്കൂടി സൂക്ഷ്മമായി പഠനം കേന്ദ്രീകരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ കഴിയും. അതിനാല്‍ അസിസ്റ്റന്റാകാനുള്ള മത്സരം ഇത്തവണ കടുത്തതാകും.
2013 ജനവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.15 വരെയാണ് അസിസ്റ്റന്റ് പരീക്ഷ. ഒറ്റപ്പരീക്ഷ മാത്രമേയുള്ളൂ, മെയിനും ഇന്റര്‍വ്യൂവുമൊന്നുമില്ല. പുതുമോടിയില്‍ പുതുവിഷയങ്ങളുമായാണ് ഇക്കുറി പരീക്ഷ. അതിനനുസരിച്ച് ഉദ്യോഗാര്‍ഥികളും തയ്യാറെടുക്കേണ്ടതുണ്ട്. പതിവ് സിലബസിനു പുറമെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- സൈബര്‍ നിയമം, മലയാള ഭാഷ, ഇന്ത്യന്‍ ഭരണഘടന തുടങ്ങിയവയിലേക്കും പഠനം വ്യാപിപ്പിക്കേണ്ടതുണ്ട്. പത്തു വിഷയങ്ങള്‍ അടങ്ങുന്ന വിശദമായ സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറേക്കൂടി സൂക്ഷ്മമായി പഠനം കേന്ദ്രീകരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ കഴിയും. അതിനാല്‍ അസിസ്റ്റന്റാകാനുള്ള മത്സരം ഇത്തവണ കടുത്തതാകും.
പരീക്ഷ ഇങ്ങനെ
ഒബ്ജക്ടീവ് രീതിയിലുള്ള ഒ.എം.ആര്‍ പരീക്ഷയാണിത്. പരിശീലനത്തിന് ഇനി മൂന്നു മാസമെങ്കിലും ലഭിക്കും. ഇനിയും വൈകാതെ ചിട്ടയോടെയുള്ള പരിശീലനം തുടങ്ങിയാല്‍ മികവു കാട്ടാവുന്നതേയുള്ളൂ. പാഠ്യപദ്ധതിയെ പത്തു ഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.
1) ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, 2) മെന്റല്‍ എബിലിറ്റി ആന്‍ഡ് ടെസ്റ്റ് ഓഫ് റീസണിങ്, 3) ജനറല്‍ സയന്‍സ്, 4) കറന്റ് അഫയേഴ്‌സ്, 5) ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങള്‍, 6)കേരളത്തെപ്പറ്റിയുള്ള വിവരങ്ങള്‍, 7)ഇന്ത്യന്‍ ഭരണഘടനയും പൗരാവകാശങ്ങളും, 8)ജനറല്‍ ഇംഗ്ലീഷ്, 9)മലയാളം(ഭരണഭാഷാ പരിചയം), 10) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സൈബര്‍ ലോ.
ഓരോ വിഭാഗത്തില്‍ നിന്ന് പത്തു ചോദ്യങ്ങള്‍ . ആകെ നൂറുമാര്‍ക്കിന്റെ നൂറുചോദ്യങ്ങള്‍. ഒന്നേകാല്‍ മണിക്കൂര്‍. അപ്പോള്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഷ്ടിച്ച് 45 സെക്കന്‍ഡ് മാത്രം. അത്ര എളുപ്പമാവില്ല ഇത്. നിരന്തരപരിശീലനത്തിലൂടെ മാത്രമേ സമയനിയന്ത്രണം സാധ്യമാവുകയുള്ളൂ. മലയാളവും ഐ.ടി.യും ഒഴികെയുള്ള വിഷയങ്ങള്‍ പഴയ പരീക്ഷകളില്‍ ഉള്‍പ്പെട്ടതാണ്. അതുകൊണ്ടു തന്നെ പഴയ പരീക്ഷാ ചോദ്യക്കടലാസ് ശേഖരിച്ച് പരിശീലിക്കുന്നത് ചോദ്യമാതൃകകളെപ്പറ്റിയും പരീക്ഷാരീതിയെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടാക്കാന്‍ സഹായിക്കും. നിശ്ചിത സമയത്തിനകം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനും പരിശീലനത്തിലൂടെയേ സാധിക്കുകയുള്ളൂ. മലയാളം ഒഴികെയുള്ള വിഷയങ്ങളുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും.
പരിശീലനം അനിവാര്യം
മൂല്യനിര്‍ണയത്തിന് ശേഷം ഒഴിവുകള്‍ കൂടി പരിഗണിച്ചാണ് കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞ പരീക്ഷയില്‍ പ്രിലിമിനറിക്ക് 48 മാര്‍ക്കാണ് കട്ട് ഓഫായി നിശ്ചയിച്ചത്. ഇത്തവണ പ്രിലിമിനറി ഇല്ലാത്തതും സിലബസ് വിസ്തൃതമാക്കിയതും കണക്കാക്കിയാല്‍ കട്ട് ഓഫ് മാര്‍ക്ക് ഉയരാനാണ് സാധ്യത. അതിനാല്‍ ഒരിഞ്ചും വിട്ടുവീഴ്ചയില്ലാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
ആവര്‍ത്തിക്കട്ടെ, കടുത്ത മത്സരമുള്ള പരീക്ഷയാണിത്. സിലബസ് വിശാലമാണ്. ഉദ്യോഗാര്‍ഥികളെ ശരിക്കും പരീക്ഷിക്കുന്ന നിലവാരമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. അപ്പോള്‍ അതിനനുസരിച്ചുള്ള പരിശീലനം അനിവാര്യം. ഒരു ടൈംടേബിള്‍ തയ്യാറാക്കി പരിശീലനം തുടങ്ങുന്നതായിരിക്കും നല്ലത്. വിപണിയില്‍ ലഭ്യമായ നിലവാരമുള്ള ഗൈഡുകള്‍ ആശ്രയിക്കാം. എന്നാല്‍ ഇക്കാര്യത്തിലും പ്രത്യേകശ്രദ്ധ വേണം, കണ്ട ഗൈഡുകളെല്ലാം വാങ്ങിക്കൂട്ടി പഠിക്കേണ്ട കാര്യമില്ല. അത് സമയം കളയാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
പുതുതായി ഉള്‍പ്പെടുത്തിയ ഐ.ടി.-സൈബര്‍ നിയമവിഭാഗത്തില്‍ കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് എന്നിവയെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങളാവും ചോദിക്കുക. രാജ്യത്തെ സൈബര്‍ നിയമത്തെപ്പറ്റിയും അറിഞ്ഞിരിക്കുക. മലയാളം വിഭാഗത്തില്‍ പദങ്ങളുടെ അര്‍ഥം, വിപരീതാര്‍ഥം, പര്യായം, പ്രയോഗം, വ്യാകരണം, ശൈലികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഗണിത നിര്‍ധാരണം, മാനസികശേഷി, ടെസ്റ്റ് ഓഫ് റീസണിങ് വിഭാഗങ്ങള്‍ക്കാവും കൂടുതല്‍ സമയമെടുക്കുക. ഇതിനായി പരിശീലനത്തിന് കൂടുതല്‍ സമയം നീക്കിവെക്കുക.
ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റ് വഴി
നാലര ലക്ഷത്തോളം അപേക്ഷകരുള്ള അസിസ്റ്റന്റ് പരീക്ഷ കേരളത്തിലുടനീളം ഒരേ ദിവസമാണ് നടത്തുന്നതെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. 1200-ലേറെ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കാനാണ് പി.എസ്.സി. തയ്യാറെടുക്കുന്നത്.
ഈ വിജ്ഞാപനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തിനും സെക്രട്ടേറിയറ്റിലോ പി.എസ്.സി.യിലോ ആകും നിയമനം. വരുന്ന ജനവരിയിലെ പരീക്ഷയിലൂടെ ഏതാണ്ട് ആയിരത്തിലേറെപേര്‍ക്ക് നിയമനം കിട്ടിയേക്കും. ഹാള്‍ടിക്കറ്റ് നേരിട്ട് അയയ്ക്കില്ല. പി.എസ്.സി.യുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് വിതരണം. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് മുതലേ ഇത് ലഭിച്ചുതുടങ്ങൂ. അതായത് ഡിസംബര്‍ പതിനഞ്ചോടെ വെബ്‌സൈറ്റ് നോക്കാന്‍ ശ്രദ്ധിക്കുക.